Trending Now

ആരോഗ്യ സേതു ആപ്പ് പ്രവർത്തിക്കുന്നതെങ്ങിനെ ?

ആരോഗ്യ സേതു ആപ്പും ആശങ്കകളും

കോവിഡ് വ്യാപന നിയന്ത്രണത്തിനും കോണ്ടാക്റ്റ് ട്രേസിംഗിനുമൊക്കെയായി നാഷണൽ ഇൻഫോമാറ്റിക്സ് സെന്റർ പുറത്തിറക്കിയിരിക്കുന്നതും ഗവണ്മെറ്റ് സാദ്ധ്യമായ എല്ലാ രീതിയിലൂടെയും പ്രമോട്ട് ചെയ്യുന്നതിലൂടെ ലക്ഷക്കണക്കിനു സ്മാർട്ട് ഫോണുകളിൽ ഇതിനകം തന്നെ ഇൻസ്റ്റാൾ ചെയ്യപ്പെട്ട് കഴിഞ്ഞിട്ടുള്ളതുമായ ഒരു അപ്ലിക്കേഷൻ ആണല്ലോ ആരോഗ്യ സേതു.

സിംഗപ്പൂർ, ചൈന, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളിലെ അപ്ലിക്കേഷനുകളുടെ മാതൃകയിൽ ആണ്‌ ഇത് ഉണ്ടാക്കിയിരിക്കുന്നത്.

എങ്ങിനെ പ്രവർത്തിക്കുന്നു ?

ഇൻസ്റ്റാൾ ചെയ്യപ്പെട്ട് കഴിഞ്ഞാൽ മൊബൈൽ നമ്പരും ഒരു വൺ ടൈം പാസ് വേഡും ഉപയോഗിച്ച് പേര്, ലിംഗം, വയസ്സ് , ജോലി, അടുത്തിടെ എപ്പോഴെങ്കിലും വിദേശ യാത്ര നടത്തിയിട്ടുണ്ടോ എന്നിങ്ങനെയുള്ള വിവരങ്ങൾ നൽകി ആപ്പിൽ രജിസ്റ്റർ ചെയ്യുന്നു. ഈ വിവരങ്ങൾ എല്ലാം അപ്ലിക്കേഷൻ സെർവ്വർ ഡാറ്റാബേസിൽ സ്റ്റോർ ചെയ്യപ്പെടുകയും നിങ്ങളുടെ ഡിവൈസിനായി ഒരു യുണീക് ഡിവൈസ് ഐഡന്റിഫിക്കേഷൻ നമ്പർ നൽകപ്പെടുകയും ചെയ്യുന്നു. ഒരു വ്യക്തി എന്ന നിലയിൽ നിങ്ങളെ തിരിച്ചറിയേണ്ട ഏതെങ്കിലും സാഹചര്യം ആരോഗ്യ അധികൃതർക്കോ സർക്കാരിനോ ഉണ്ടാകുന്നതു വരെ മറ്റെല്ലാ ആവശ്യങ്ങൾക്കും വ്യക്തിവിവരങ്ങളൊന്നും ഇല്ലാത്ത ഈ യുണീക് ഐഡന്റിഫിക്കേഷൻ നമ്പർ ആയിരിക്കും ഉപയോഗിക്കപ്പെടുക. നിങ്ങളുടെ യുണീക് ഐഡന്റിഫിക്കേഷൻ നമ്പർ ഏതാണെന്ന് നിങ്ങൾക്ക് പോലും മനസ്സിലാക്കാൻ കഴിയില്ല. ബ്ലൂ ടൂത്തും ജി പി എസുമാണ്‌ ഈ അപ്ലിക്കേഷൻ ട്രാക്കിംഗിനായി ഉപയോഗിക്കുന്നത്. നിങ്ങൾ ആരോഗ്യ സേതു ഇൻസ്റ്റാൾ ചെയ്യപ്പെട്ട ഏതെങ്കിലും മറ്റൊരു മൊബൈൽ ഫോണിന്റെ ബ്ലൂടൂത്ത് പരിധിയിൽ വരുമ്പോൾ അതായത് ഒന്നോ രണ്ടോ‌മീറ്റർ അടുത്ത് – ഈ ആപ്പുകൾ തമ്മിൽ നേരത്തേ സൂചിപ്പിച്ച ഡിവൈസ് ഐഡികൾ സ്വമേധയാ പരസ്പരം കൈമാറുകയും അവരവരുടെ മൊബൈലിൽ സൂക്ഷിക്കപ്പെടുകയും ചെയ്യുന്നു. പിന്നീട് ഇതിൽ ഏതെങ്കിലും ഒരാൾക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് പരിശോധനയിൽ തെളിഞ്ഞാൽ അയാളുടെ അനുവാദത്തോടെ പ്രസ്തുത ഡിവൈസ് ഐഡി പോസിറ്റീവ് ആണെന്ന വിവരം പുഷ് ചെയ്യപ്പെടുന്നു. ഈ സമയം നിങ്ങളുടെ മൊബൈൽ ഫോണിലെ ആപ്പ് സ്വന്തം ഡിവൈസ് ഐഡി ഈ പറഞ്ഞ പോസിറ്റീവ് ഐഡികളുമായി എപ്പോഴെങ്കിലും സമ്പർക്കത്തിൽ വന്നിട്ടുണ്ടോ എന്ന് പരിശോധിച്ച് നിങ്ങളെ അലർട്ട് ചെയ്യുന്നു. ഇവിടെ റിസ്ക് അനുസരിച്ച് പച്ച, മഞ്ഞ, ഓറഞ്ച് , ചുവപ്പ് തുടങ്ങിയ നിറങ്ങളിലൂടെ വിവിധ വിഭാഗങ്ങൾ ആയി തരം തിരിച്ചിട്ടുണ്ട്. നിങ്ങൾ ഒരു തരത്തിലും കോവിഡ് പോസിറ്റീവ് ഡിവൈസ് ഐഡികളുമായി ബന്ധത്തിൽ വന്നിട്ടില്ലെങ്കിലോ നിങ്ങൾ സെൽഫ് അസസ്സ്മെന്റ് ടെസ്റ്റിലൂടെ നൽകിയ വിവരങ്ങൾ അനുസരിച്ച് സുരക്ഷിതമായ പച്ച വിഭാഗത്തിൽ വരുന്നു. ഏതെങ്കിലും കോവിഡ് പോസിറ്റീവ് ഐഡികളുമായി ബന്ധത്തിൽ വന്നിട്ടുള്ളതായി കണ്ടാലോ സ്വമേധയാ “സെൽഫ് അസസ്സ്മെന്റ് ടെസ്റ്റിലൂടെ” നൽകുന്ന വിവരങ്ങൾക്കനുസരിച്ചോ മഞ്ഞ , ഓറഞ്ച് വിഭാഗങ്ങളിൽ മാർക്ക് ചെയ്യപ്പെടാം. ഇവിടെ മഞ്ഞ വിഭാഗത്തിലോ ഓറഞ്ച് വിഭാഗത്തിലോ നിങ്ങൾ വന്നു കഴിഞ്ഞാൽ ആ വിവരം അപ്ലിക്കേഷൻ സെർവ്വറുമായി പങ്കുവയ്ക്കുന്നു. അതോടൊപ്പം നിങ്ങൾ കോണ്ടാക്റ്റ് ചെയ്യപ്പെട്ട ഡീവൈസ് ഐഡികളുടെയും അവയുടെ ലൊക്കേഷനും സമയവുമെല്ലാം സെർവ്വറിൽ എത്തുന്നു. നിങ്ങളുടെ റിസ്ക് ഫാക്റ്റർ അനുസരിച്ച് ആരോഗ്യ വകുപ്പ് അധികൃതർ നിങ്ങളുമായി ബന്ധപ്പെടുകയോ നിങ്ങൾ ടെസ്റ്റ് ചെയ്യപ്പെടേണ്ടതോ ഹോം ക്വാറന്റൈനിൽ ഇരിക്കേണ്ടതോ ആണെങ്കിൽ അതിനുള്ള നടപടികൾ സ്വീകരിക്കപ്പെടുകയോ ചെയ്യുന്നു.

ഗ്രീൻ വിഭാഗത്തിൽ ആണ്‌ വരുന്നതെങ്കിൽ രജിസ്ടേഷൻ സമയത്തും നിങ്ങൾ സെൽഫ് അസസ്മെന്റ് ടെസ്റ്റ് നടത്തുന്ന സമയത്തുമൊഴികെ നിങ്ങളുടെ മൊബൈൽ ഡാറ്റാബേസിൽ ഉള്ള വിവരങ്ങളൊന്നും സെർവ്വറിലേക്ക് അപ്ഡേറ്റ് ചെയ്യപ്പെടുന്നില്ല. പകരം ഓരോ‌ പതിനഞ്ചു മിനിട്ടിലും നിങ്ങളുടെ ലൊക്കേഷൻ വിവരങ്ങൾ അപ്ഡേറ്റ് ചെയ്ത് മൊബൈലിലെ ആപ്പ് ഡാറ്റാബേസിൽ തന്നെ സൂക്ഷിക്കപ്പെടുന്നു. ഏതെങ്കിലും സാഹചര്യത്തിൽ മഞ്ഞയ്ക്കോ മുകളിലേക്കോ പോയാൽ മാത്രമേ മൊബൈലിലെ ലോക്കൽ ഡാറ്റാബേസ് സെർവ്വറുമായി സിങ്ക് ചെയ്യപ്പെടുകയുള്ളൂ.

ആശങ്കകൾ
———————–
ഈ ആപ്പ് പുറത്തിറക്കപ്പെട്ടപ്പോൾ അതിന്റെ അതിലെ പ്രൈവസിപോളിസിയിൽ പല അവ്യക്തതകളും ഉണ്ടായിരുന്നു. പിന്നീട് വിമർശനങ്ങൾ വന്നപ്പോൾ അവ ഉൾക്കൊണ്ടൂകൊണ്ട് പുതുക്കപ്പെടുകയുണ്ടായി. അപ്ലിക്കേഷൻ എല്ലാ ഇന്ത്യൻ ഭാഷകളിലും ലഭ്യമാണെങ്കിലും പ്രൈവസി പോളിസിയും അപ്ലിക്കേഷൻ ഉപയോഗ നിബന്ധനകളും എല്ലാവർക്കും വായിച്ച് മനസ്സിലാക്കാൻ കഴിയും വിധം മറ്റു ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടേണ്ടതുണ്ട്.

വ്യക്തിവിവരങ്ങൾ പുറത്ത് പോവുമോ: ഒരു ഡിവൈസ് ഐഡന്റിഫിക്കേഷൻ നമ്പർ ആണ്‌ വ്യക്തി വിവരങ്ങൾക്ക് പകരമായി പൊതു ഇടങ്ങളിലും ഡാറ്റാ അനലിറ്റിക്സിനുമൊക്കെ ഉപയോഗിക്കുന്നത് എങ്കിലും സെൻട്രൽ ഡാറ്റാബേസിൽ വ്യക്തി വിവരങ്ങൾ ശേഖരിക്കപ്പെടുന്നുണ്ട്. അത് ദുരുപയോഗം ചെയ്യപ്പെടുമോ മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കപ്പെടുമോ എന്നുള്ള ആശങ്കകൾ വിവിധ കോണുകളിൽ നിന്നുയരുന്നുണ്ട്. കേന്ദ്ര സർക്കാർ ഇതിനെ സാഹചര്യം മുതലെടുത്ത് ഒരു മാസ് സർവലൈൻസ് ടൂൾ ആയി ഉപയോഗിക്കുമോ എന്ന ഭീതി പലർക്കും ഉണ്ട്. നിലവിൽ ലൊക്കേഷൻ ഡാറ്റയും കോണ്ടാക്റ്റ് ‌ ഡാറ്റയുമൊക്കെ ഓരോ ആപ്പ് യൂസേഴ്സിന്റെയും മൊബൈൽ ഫോണിൽ തന്നെയാണ്‌ സൂക്ഷിക്കപ്പെടുന്നത്. റിസ്ക് ഗ്രൂപ്പിൽ വരുന്നവരുടെ ആപ്പ് ഡാറ്റാബേസും ലോഗും മാത്രമാണ്‌ സെർവ്വറിലേക്ക് അയക്കപ്പെടുന്നത് എങ്കിലും ഒരു അപ്ഡേറ്റ് പുഷ് ചെയ്ത് ഇത് എല്ലാ യൂസേഴ്സിന്റെയും ആക്കി മാറ്റുന്ന രീതിയിലേക്ക് വേണമെങ്കിൽ ആക്കാവുന്നതാണ്‌. ഇത്തരത്തിൽ സർക്കാരിന്റെ ആപ്പ് എന്നല്ല ഏത് അപ്ലിക്കേഷനും അപ്ഡേറ്റുകൾ പുഷ് ചെയ്ത് അത് എന്തിനാണോ ഡിസൈൻ ചെയ്യപ്പെട്ടത് അതിനു വിരുദ്ധമായുള്ള കാര്യങ്ങൾക്ക് കൂടി ഉപയോഗിക്കപ്പെടുന്ന രീതിയിലേക്ക് പിടിക്കപ്പെടുന്നതുവരെ എങ്കിലും മാറ്റിയെടുക്കാൻ കഴിയുന്നതാണ്‌. സർവലൈൻസ് ആശങ്കകൾ ഉള്ളവർക്ക് നിലവിൽ ആപ്പ് നിർബന്ധമല്ലാത്തതിനാൽ ഉപയോഗിക്കാതിരിക്കാനോ ഡിസേബിൾ ചെയ്യാനോ ലൊക്കേഷൻ ബ്ലൂ ടൂത്ത് ആക്സസ് വേണ്ടെന്ന് വയ്ക്കാനോ ഒക്കെയുള്ള സ്വാതന്ത്ര്യം ഉണ്ട്. ചൈനയെപ്പോലെയുള്ള രാജ്യങ്ങളിൽ ഇത്തരം ആപ്പുകൾ നിർബന്ധമായും ഇൻസ്റ്റാൾ ചെയ്യണം എന്ന് മാത്രമല്ല അവ നീക്കം ചെയ്യുന്നവർക്കെതിരെ നടപടികളും ഉണ്ടായിരുന്നു. ഒരു ജനാധിപത്യ രാജ്യം ആയതിനാൽ നിലവിൽ പാൻഡമിക് സാഹചര്യത്തിലും ഇതുവരെ അത്തരത്തിലുള്ള നിർദ്ദേശങ്ങൾ ഒന്നും വന്നിട്ടില്ല. പക്ഷേ‌ വരില്ല എന്ന് ഉറപ്പിച്ച് പറയാനും കഴിയില്ല.

സർക്കാർ ഇത് നിർബന്ധമാക്കുമോ ? E-Pass ഉൾപ്പെടെയുള്ള കാര്യങ്ങൾ ഈ അപ്ലിക്കേഷൻ വഴി ആക്കുവാനുള്ള നീക്കം നടക്കുന്നതിനാൽ നിർബന്ധമല്ലെങ്കിലും ഫലത്തിൽ നിർബന്ധമാകുവാനുള്ള സാഹചര്യം ഇതുവഴി ഉണ്ടാകും. അനിയന്ത്രിതമായ രീതിയിൽ രോഗം ഇന്ത്യയിൽ പടരുകയാണെങ്കിൽ “ അസാധാരണ സാഹചര്യങ്ങളിലെ അസാധാരണ തീരുമാനങ്ങൾ” എന്ന നിലയിൽ സർക്കാരിനു വേണമെങ്കിൽ ഈ ആപ്പ് സ്മാർട്ട് ഫോണുകളിൽ നിർബന്ധമാക്കാനുള്ള നിയമ ഭേദഗതികൾ വരുത്തിയെന്നും വരാം. ഗൂഗിൾ , ആപ്പിൾ , മൊബൈൽ നിർമ്മാതാക്കൾ ഇവരുമായൊക്കെ ബന്ധപ്പെട്ടുകൊണ്ട് ഓൺ ദ എയർ അപ്ഡേറ്റ് ആയി അപ്ലിക്കേഷൻ പുഷ് ചെയ്യാനുമൊക്കെ സാദ്ധ്യതകൾ ഉണ്ട്.

ഈ ഒരു ആൻഡ്രോയ്ഡ് ആപ്പിനെ സംബന്ധിച്ചിടത്തോളം അപ്ലിക്കേഷൻ അഴിച്ച് പണിത് കോഡ് പരിശോധിക്കുന്നതും പറഞ്ഞ കാര്യങ്ങൾ തന്നെയാണോ ആപ്പ് ചെയ്യുന്നതെന്ന സുരക്ഷാ പരിശോധനകൾ നടത്തുന്നതുമെല്ലാം അത്ര വിഷമമുള്ള കാര്യമല്ല എങ്കിലും അപ്ലിക്കേഷന്റ് സോഴ്സ് കോഡ് പുറത്തു വിടണമെന്നും എക്കാലത്തേയ്ക്കും ഒരേ യുണീക് ഡിവൈസ് ഐഡി തന്നെ ഉപയോഗിക്കാതെ അതും ഡൈനാമിക് ആക്കി ഇടയ്ക്കിടെ മാറ്റിക്കൊണ്ട് സുരക്ഷ ഒന്നുകൂടി ശക്തമാക്കണമെന്നുമൊക്കെ ആവശ്യങ്ങളെയും കണക്കിലെടുക്കേണ്ടതാണ്‌.

ഈ അപ്ലിക്കേഷൻ ഗുണകരമാണോ ? അതോ വെറും ഗിമ്മിക്ക് മാത്രമോ ?

മേൽകീഴ് നോട്ടമില്ലാതെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അന്ധമായി അതിനെ വിശ്വസിക്കുന്ന നമ്മുടെ നാട്ടിൽ സർക്കരും പ്രധാനമന്ത്രിയുമൊക്കെ വളരെ അഗ്രസ്സീവ് ആയി ഇതിനെ പ്രമൊട്ട് ചെയ്യുമ്പോൾ ഇതൊരു ‘ഡിജിറ്റൽ കോവിഡ് മരുന്ന് ‘ ആണെന്ന വ്യാജ സുരക്ഷിതത്വ ബോധം ആളുകളിൽ ഉണ്ടാകാനുള്ള സാദ്ധ്യതകൾ ഒരു വശത്ത് നിലനിൽക്കുമ്പോൾ മറുവശത്ത് സർക്കാരിനെ സംശയദൃഷ്ടിയോടെ കാണുന്നവർ ഇതിനെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു.

എന്തുകൊണ്ടാണ്‌ ആളുകൾ കോവിഡിനെ കൂടുതൽ ഭയപ്പെടുന്നതും ഭയപ്പെടാതിരിക്കുന്നതും? കോവിഡ് എന്ന അസുഖത്തിനേക്കാൾ ആളുകൾ ഭയപ്പെടുന്നത് സമൂഹത്തിൽ നിന്ന് അകന്ന് നിന്നുകൊണ്ടുള്ള ഒട്ടും സുഖകരമല്ലാത്ത ആശുപത്രി വാസം ആണ്‌. അതായത് പണ്ടു കാലത്ത് പട്ടി കടിക്കുന്നതിനേക്കാൾ പേടിച്ചിരുന്നത് പേവിഷബാധയുണ്ടാകാതിരിക്കാനായി പൊക്കിളിനു ചുറ്റും വയ്ക്കുന്ന പതിനാലു ഇൻജക്ഷനുകളെ ആയിരുന്നത് ഓർക്കുമല്ലോ. അതുകൊണ്ടാണ്‌ അസുഖത്തേക്കാൾ അസുഖകരമായ ആശുപത്രി വാസം ഒഴിവാക്കാനായി റിസ്കെടുത്തുകൊണ്ടു തന്നെ നല്ലൊരു ശതമാനം ആളുകളും അസുഖത്തെ നിസ്സാരമായിക്കണ്ട് വിവരങ്ങൾ അധികൃതരിൽ നിന്നും മറച്ചു വയ്ക്കുന്നത്. ഈ സാഹചര്യത്തിൽ നിർബന്ധമല്ലാത്ത രീതിയിലുള്ള ഏതൊരു കോണ്ടാക്റ്റ് ട്രാക്കിംഗ് ഡിജിറ്റൽ സൊലൂഷനുകളും അതിന്റെ ഫലം കാണിക്കില്ല.

ഇന്ത്യയെപ്പോലെയുള്ള ഒരു രാജ്യത്ത് സ്മാർട്ട് ഫോണുകൾ ഉപയോഗിക്കാത്ത വലിയൊരു വിഭാഗം ജനങ്ങൾ ഉണ്ട്. എക്സ്പൊണൻഷ്യൽ ആയി പടരുന്ന ഒരു രോഗമായതിനാൽ ഈ വിഭാഗം മാത്രം മതിയാകും ഇത്തരത്തിലുള്ള ഒരു അപ്ലിക്കേഷന്റെ ഫലപ്രാപ്തി ഇല്ലാതാക്കാൻ. നൂറ് ആപ്പ് ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ആളുകളുമായി ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്യാത്ത കോവിഡ് പോസിറ്റീവ് രോഗി ഇടപഴകിയാൽ തന്നെ അതിന്റെ ഫലം ഇല്ലാതായി എന്ന് പറയാമല്ലോ. എങ്കിലും ട്രാക്കിംഗിനു സഹായകമായ പൊതുവായി ഉപയോഗിക്കാൻ കഴിയുന്ന ഒരു ടൂൾ എന്ന നിലയിൽ സ്മാർട്ട് ഫോൺ ഉപയോക്താക്കളുടെ എങ്കിലും ട്രാക്കിംഗും അവർക്ക് അസുഖ വ്യാപനത്തെക്കുറിച്ച് ഒരു ഏകദേശ ധാരണയെങ്കിലും നൽകാനായി ഇതിലൂടെ നടക്കും. പക്ഷേ എല്ലാവരും ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കണമെന്നുമാത്രം. ഈ ആപ്പിന്റെ ഫലപ്രാപ്തിയെക്കുറിച്ച് യാതൊരു ഉറപ്പും നിലവിലെ സാഹചര്യത്തിൽ ഇല്ലാത്തതിനാൽ അക്കാര്യം ആപ്പിന്റെ പ്രൈവസി പോളിസിയിൽ തുറന്ന് പറയുന്നുമുണ്ട്. അതായത് ആപ്പ് ഇൻസ്റ്റാൾ ചെയ്ത് അതിൽ യാതൊരു തരത്തിലുള്ള നോട്ടിഫിക്കേഷനും ലഭിക്കാതെ വരുന്ന സാഹചര്യത്തിലും അസുഖബാധിതനാകാനുള്ള സാദ്ധ്യതകൾ ഉണ്ടെന്നതിനാൽ നിയമപരമായി എടുക്കേണ്ടി വരുന്ന ഒരു മുൻകൂർ ജാമ്യമായി അതിനെ കണക്കാക്കാം.

കോടിക്കണക്കിനാളുകൾ ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കുന്നുണ്ടെങ്കിലും ഇത് നിലവിൽ എത്രപേർക്ക് ഉപകാരപ്രദമായി എന്നോ ട്രാക്കിംഗിനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് എത്രമാത്രം ഉപയോഗപ്പെട്ടു എന്നോ ഉള്ള സ്ഥിതിവിവരക്കണക്കുകൾ ഒന്നും ലഭ്യമായിട്ടില്ല. ലോക് ഡൗൺ കാലത്തേക്കാൾ എല്ലാവരും പുറത്തിറങ്ങി നടക്കുന്ന ലോക്ഡൗണാനന്തര അതിജീവനത്തിനായിരിക്കാം ഈ ആപ്പ് ഒരു ഡിജിറ്റൽ ടൂൾ എന്ന നിലയിൽ ഏതെങ്കിലും തരത്തിൽ ഉപകാരപ്പെടുക.

കോവിഡ് എന്ന മഹാമാരിയെ നേരിടാനായി അസാധാരണമായ സാഹചര്യങ്ങളിൽ അസാധാരണമായ നിയമങ്ങളും നീക്കങ്ങളും നടപടിക്രമങ്ങളും ആകാമെന്ന് എല്ലാവരും ആവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ ഉപയോഗമുണ്ടെങ്കിലും ഇല്ലെങ്കിലും നാളെ കേന്ദ്ര സർക്കാർ നിയമം മൂലം ഈ ആപ്പ് നിർബന്ധമാക്കിയാൽ പോലും എതിർസ്വരങ്ങളുടെ മുനയൊടിയപ്പെടും. കാരണം “മനുഷ്യ ജീവിതത്തിനപ്പുറമാണോ സ്വകാര്യത ? ” എന്ന പരിചയുടെ ഉറപ്പ് തന്നെ.

 

  • എഴുതിയത് : സുജിത് കുമാർ

മൊബൈല്‍ ക്യാം ലാപ്ടോപ്പിന്റെ ക്യാമറയാക്കി ഉപയോഗിക്കുന്നതെങ്ങിനെ

നമ്മളുടെ കയ്യിലുള്ള മൊബൈല്‍ കാമറയിലെ ദൃശ്യങ്ങള്‍ക്ക് നമ്മുടെ ലാപ്ടോപ്പിലെ കാമറയേക്കാള്‍ ക്വാളിറ്റി കൂടുതലുണ്ട് എന്നു നമുക്കറിയാം ,അങ്ങിനെ എങ്കില്‍ നമ്മളുടെ ലാപ്ടോപ്പില്‍ സ്കൈപ്പ് പോലെയുള്ളവ,അല്ലെങ്കില്‍ ലൈവ് സ്ട്രീമിങ്ങിനുപയോഗിക്കുന്ന സോഫ്റ്റ് വെയറുകള്‍ ഒക്കെ ഉപയോഗിക്കുന്നുണ്ട് എങ്കില്‍ ലാപ്ടോപ്പിലെ ക്യാമറയ്ക്ക് പകരമായ് മൊബൈല്‍ ക്യാമറ ഉപയോഗിക്കാനും ക്വാളിറ്റി കൂട്ടാനും സാധിക്കും അതെങ്ങിനെ എന്നു മനസ്സിലാക്കാം

Read moreമൊബൈല്‍ ക്യാം ലാപ്ടോപ്പിന്റെ ക്യാമറയാക്കി ഉപയോഗിക്കുന്നതെങ്ങിനെ

മൊബൈലില്‍ ടോറന്റില്‍ നിന്നും സിനിമകള്‍ ഡൗണ്‍ ലോഡ് ചെയ്യുന്നതെങ്ങിനെ

ഞാനിവിടെ ഫ്ലഡ് എന്ന ആപ്ലിക്കേഷനാണു ഉപയോഗിച്ചിരിക്കുന്നത് .ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാം ലിങ്ക് വീഡിയോയുടെ ഡിസ്ക്രിപ്ഷനിലുണ്ട്.ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഓപ്പണാക്കുംബോള്‍ സ്റ്റോറേജ് ആക്സസ് ചെയ്യാനുള്ള പെര്‍മിഷന്‍ ഇതുപോലെ ചോദിക്കും.ഗിവ് പെര്‍മിഷന്‍ എന്നത് അമര്‍ത്തി അത് അനുവദിക്കാം അതിനായ് അലൗ എന്നത് അമര്‍ത്തിയാല്‍ മതി.ഇപ്പോള്‍ ആപ്ലിക്കേഷനില്‍ ഇതുപോലെ ഒരു പോപ്പൗട്ട് മെസ്സേജ് കാണാം.

Read moreമൊബൈലില്‍ ടോറന്റില്‍ നിന്നും സിനിമകള്‍ ഡൗണ്‍ ലോഡ് ചെയ്യുന്നതെങ്ങിനെ

സൂമില്‍ ചാറ്റ് ചെയ്യുംബോള്‍ ബാക്ക് ഗ്രൗണ്ട് മാറ്റാന്‍ അറിയാമോ ?

സൂം ആപ്ലിക്കേഷന്‍ ആണു ഉപയോഗിക്കുന്നതെങ്കില്‍ അതില്‍ ഹോം സ്ക്രീനില്‍ ന്യൂ മീറ്റിങ്ങ് എന്നത് സെലക്റ്റ് ചെയ്ത് പുതിയ മീറ്റിങ്ങ് ക്രിയേറ്റ് ചെയ്യുന്നതിനായ് സ്റ്റാര്‍ട്ട് എ മീറ്റിങ്ങ് എന്നത് ടച്ച് ചെയുക.തുടര്‍ന്നു സ്ക്രീനില്‍ നമ്മുടെ ക്യാമറയ്ക്ക് മുന്നിലെ ദൃശ്യങ്ങള്‍ കാണാന്‍ തുടങ്ങുംബോള്‍ സ്ക്രീനിലൊന്നു ടച്ച് ചെയ്യുക.അപ്പോള്‍ താഴെയായ് ഇതുപോലെ കുറച്ച് ഒപ്ഷന്‍സ് കാണാം.അതില്‍ വലത്തേയറ്റത്ത് മൂന്നു ഡോട്ടുകള്‍ കാണുന്നതില്‍ ടച്ച് ചെയ്താല്‍ ഇതുപോലൊരു മെനു കാണാം.

Read moreസൂമില്‍ ചാറ്റ് ചെയ്യുംബോള്‍ ബാക്ക് ഗ്രൗണ്ട് മാറ്റാന്‍ അറിയാമോ ?