CCTV ഫിറ്റ് ചെയ്യുന്നവര്‍ അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങള്‍

നാം കണ്ണടയ്ക്കുംബോള്‍ നമുക്ക് ചുറ്റിലുമുള്ള കാര്യങ്ങള്‍ സദാ വീഷിച്ച് നമുക്ക് പിന്നീട് കാണാനായ് പകര്‍ത്തുന്ന ഉപകരണമാണു സി സി ടിവി.ഇന്നു നമുക്കതിന്റെ ആ​‍വശ്യകത വളരെയേറെ വര്‍ദ്ധിച്ചിരിക്കുന്നതിനാല്‍ നമ്മളില്‍ പലരും സി സി ടി വി സിസ്റ്റം വീടുകളിലും ഓഫീസുകളിലും ഫിറ്റ് ചെയ്യുന്നുണ്ട്.ഇത്തരത്തില്‍ ഒരു സിസ്റ്റം ഫിറ്റ് ചെയ്യുന്നവര്‍ അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങള്‍ ആണു ഞാന്‍ ഇന്നിവിടെ നിങ്ങളുമായ് പങ്കുവയ്ക്കാന്‍ പോകുന്നത്.

1) സി സി ടി വി വയ്ക്കാനായ് ഒരു ഡീലറെ സമീപിക്കും മുന്‍പ് നമ്മള്‍ ആ ഡീലര്‍ക്ക് ഈയൊരു ഫീല്‍ഡില്‍ നല്ല പ്രവര്‍ത്തന പരിചയം ഉണ്ടോ എന്നു അറിഞ്ഞിരിക്കണം.പലപ്പോഴും ഓഫറുകള്‍ കണ്ട് ഏതെങ്കിലും ഒരു പുതിയ ഷോപ്പില്‍ പോയി സി സി ടിവി ഫിറ്റ് ചെയ്യാന്‍ ഏല്‍പ്പിച്ചാല്‍ കുറച്ച് കാലം കഴിഞ്ഞു ആ ഒരു ഷോപ്പുകാരന്‍ ബിസിനസ് മെച്ചപ്പെട്ടില്ലെങ്കില്‍ അടച്ചു പൂട്ടി പോവുകയും അത് മൂലം നമുക്ക് വില്‍പനാനന്തര സര്‍വീസ് ലഭ്യമാകാതിരിക്കയും ചെയ്യുന്ന പതിവുണ്ട്.അതൊഴിവാക്കാന്‍ ഇത് സഹായിക്കും.

2) ഓഫറുകളില്‍ മയങ്ങി അവ ഫിറ്റ് ചെയ്യിക്കാതെ നമ്മുടെ ആവശ്യങ്ങള്‍,ബില്‍ഡിങ്ങിന്റെ വിവരങ്ങള്‍ എല്ലാം പരിഗണിച്ച് വേണം നമുക്കാവശ്യമായ സി സി ടി വി സിസ്റ്റം ഫിറ്റ് ചെയ്യിക്കാന്‍. ചില ഉദാഹരണങ്ങള്‍ പറയാം

സി സി ടി വിയിലെ ദൃശ്യങ്ങള്‍ സ്റ്റോര്‍ ചെയ്യുന്നത് അതുമായ് കണക്റ്റ് ചെയ്യുന്ന ഡി വി ആര്‍ എന്ന ഉപകരണത്തിലെ ഹാര്‍ഡ് ഡിസ്കിലാണു.നാം ഒന്നോ രണ്ടോ ദിവസം മാത്രം വീടിനോ ഓഫീസിനോ പുറത്ത് പോകുന്ന വ്യക്തിയാണെങ്കില്‍ നമുക്ക് അവ നിരീക്ഷിക്കാന്‍ ആവശ്യമായ വീഡിയോ ഫയലുകള്‍ വളരെ കുറച്ച് ദിവസങ്ങളിലെ മാത്രമായതിനാല്‍ സ്റ്റോറേജ് സൈസ് കുറഞ്ഞ ഹാര്‍ഡ് ഡിസ്ക് മതിയാകും.എന്നാല്‍ വല്ലപ്പോഴും മാത്രം വീടോ ഓഫീസോ സന്ദര്‍ശിക്കുന്ന വ്യക്തിയാണു നമ്മളെങ്കില്‍ നമുക്ക് കൂടുതല്‍ ദിവസത്തെ ഡാറ്റ സ്റ്റോര്‍ ചെയ്ത് കാണുന്നതിനു കൂടുതല്‍ സ്റ്റോറേജുള്ള ഹാര്‍ഡ് ഡിസ്ക് നമ്മുടെ ഡി വി ആറില്‍ ഉണ്ടാകേണ്ടതുണ്ട്.

സി സി ടി വി പല വിധമുണ്ട് Dome , Bullet,C-Mount, Pan Tilt & Zoom,Infrared/night vision,Wireless ,Network/IP എന്നിങ്ങനെ അനുദിനം വ്യത്യസ്ഥമായ മോഡലുകള്‍ സി സി ടി വി ശൃംഖലയിലേക്ക് വരുന്നുണ്ട്.അവയെ ഒന്നു പരിചയപ്പെടുകയും നമ്മുടെ ആവശ്യത്തിനു അതിലേതാണു ഓരോരോ സ്ഥലത്തും ഉപയോഗിച്ചാല്‍ കൂടുതല്‍ നന്നാവുക എന്നും മനസ്സിലാക്കി വേണം നാം അവ ഫിറ്റ് ചെയ്യാന്‍.

Dome ക്യാമറ എന്നത് നിശ്ചിത ആംഗിളില്‍ വൈഡായി വ്യൂ കിട്ടുന്ന ഒരു ക്യാമറയാണു.എന്നാല്‍ ഒരു വിശേഷപ്പെട്ട സ്ഥലത്തിന്റെ ഏതൊരു ഭാഗവും നമുക്ക് ആവശ്യം പോലെ സൂം ചെയ്ത് കാണാന്‍ അതുകൊണ്ടാവില്ല അതിനു Pan Tilt & Zoom ക്യാമറകള്‍ ഉപയോഗിക്കണം.ഇതുപോലെ നമ്മുടെ ആവശ്യകതയ്ക്കനുസരിച്ച് വേണം നമ്മള്‍ സി സി ടി വി സിസ്റ്റം ഫിറ്റ് ചെയ്യുംബോള്‍ കാമറകള്‍ സെലക്റ്റ് ചെയ്യേണ്ടത്

രാത്രി കാല കാഴ്ച വളരെ ആവശ്യമായ സ്ഥലങ്ങളില്‍ അതിനായുള്ള സ്പെഷ്യല്‍ സി സി ടി വി കാമറകള്‍ ഉപയോഗിക്കണം.ഇപ്പോള്‍ രാത്രി കാല കാഴ്ച പോലും കളര്‍ ഫുള്‍ ആയി ലഭിക്കുന്നതരം കാമറകള്‍ വരെ സി സി ടി വി സിസ്റ്റത്തില്‍ ലഭ്യമാണു.

ക്യാമറകള്‍ വയ്ക്കുംബോള്‍ കൂടുതല്‍ മെഗാ പിക്സലും ദൃശ്യ ഭംഗിയുള്ളതും തന്നെ വാങ്ങി വയ്ക്കുക.തല്‍ക്കാലം ഇതുമതി എന്ന തോന്നല്‍ ഒഴിവാക്കിയാലത് ഭാവിയില്‍ ഉപകാരപ്പെടും ഉദാഹരണം ഒരു വണ്‍ മെഗാ പിക്സലിന്റെ സി സി ടി വി ക്യാമറ ഉപയോഗിച്ച് കുറച്ച് ദൂരെയായ് നില്‍ക്കുന്ന ഒരു വാഹനത്തിന്റെ നംബര്‍ പകര്‍ത്തുക സാധ്യമല്ല പ്രത്യേകിച്ചും ഇരുട്ടു കൂടി ഉണ്ടെങ്കില്‍.എന്നാല്‍ പിക്സല്‍ കൂടിയ ഡേ നൈറ്റ് സപ്പോര്‍ട്ട് ഉള്ള ഒരു കാമറയാണെങ്കില്‍ അത് വ്യക്തതയോടെ നമുക്ക് പകര്‍ത്താന്‍ ആകും .അതിനാല്‍ മികച്ച സ്പെക്കുള്ള കാമറകള്‍ തന്നെ ഉപയോഗിക്കാന്‍ ശ്രമിക്കുക.ഒരു മെഗാ പിക്സലിന്റെ കാമറ ഒരു കാരണവശാലും ഉപയോഗിക്കാതെയിരിക്കുക.

ഇപ്പോള്‍ ക്ലൗഡ് സ്റ്റോറേജ് സംവിധാനമൊക്കെയുള്ള സി സി ടി വി സിസ്റ്റവും ലഭ്യമാണു.അതിന്റെ ഗുണം എന്നു പറയുന്നത് നമ്മുടെ വീട്ടില്‍ അതിക്രമിച്ച് കടക്കുന്നവര്‍ സി സി ടി വി സിസ്റ്റം തകരാര്‍ ആക്കുകയോ മോഷിടിക്കുകയോ ചെയ്താലും ഇന്റര്‍നെറ്റില്‍ നിശ്ചിത സര്‍വീസില്‍ ലോഗിന്‍ ചെയ്താല്‍ ആ ഫയല്‍ എല്ലാം അവിടെ നിന്നും കളക്റ്റ് ചെയ്യാം എന്നതാണു.

സി സി ടി വിയില്‍ മോഷന്‍ ഡിറ്റക്ഷന്‍ + അലാറം ഉള്ളവ ലഭ്യമാണു.അത്തരത്തിലുള്ളവയാണു നമ്മള്‍ ഫിറ്റ് ചെയ്യുന്നതെങ്കില്‍ കാമറയ്ക്ക് മുന്നില്‍ ഒരു മനുഷ്യന്‍ ചലിച്ചാല്‍ അപ്പോള്‍ തന്നെ അലാറം അടിക്കയും മൊബൈല്‍ ആപ്പില്‍ നോട്ടിഫിക്കേഷന്‍ ലഭിക്കയും ചെയ്യും എന്നതാണു.

വീടിനു പുറത്ത് വയ്ക്കുന്ന കാമറ നിര്‍ബന്ധമായും വാട്ടര്‍ പ്രൂഫ് ആയവയും മികച്ച വ്യൂവിങ്ങ് ആംഗിള്‍ ഉള്ളവയും തന്നെ ആയിരിക്കണം.

ഇനി നമ്മള്‍ വളരെ അധികം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം നമ്മള്‍ ഫിറ്റ് ചെയ്യുന്ന സി സി ടി വി സിസ്റ്റം IP CCTV ആണോ എന്നതാണു. ഇന്റര്‍നെറ്റുമായ് കണക്റ്റ് ചെയ്ത് നമ്മുടെ വീടും / ഓഫീസ് പരിസരവും മൊബൈലിലൂടെ ലൈവായ് വീക്ഷിക്കാന്‍ കഴിയുന്നവ മാത്രമേ നമ്മള്‍ സി സി ടി വി ആയി ഫിറ്റ് ചെയ്യാവൂ എന്നാല്‍ മാത്രമേ നമുക്ക് അവ കൊണ്ട് ഉദ്ദേശിക്കുന്ന ഫലവും ലഭിക്കൂ.ഇത്തരം ഒരു സി സി ടി വി സിസ്റ്റത്തില്‍ ഇന്റര്‍നെറ്റ് കണക്റ്റ് ചെയ്യും മുന്‍പ് നമ്മുടെ ഇന്റര്‍നെറ്റ് കണക്ഷന്റെ സ്പീഡ് ചെക്ക് ചെയ്തിരിക്കയും വേണം.ഇന്റര്‍നെറ്റിന്റെ അപ് ലോഡ് സ്പീഡ് മിനിമം 5 എം ബി പി എസ് നു മുകളിലെങ്കിലും ഉള്ള ഇന്റര്‍നെറ്റ് കണക്ഷന്‍ തന്നെ അതിനായ് തിരഞ്ഞെടുക്കുക. www.speedtest.net എന്ന വെബ് സൈറ്റിലൂടെയോ അവരുടെ ആപ്ലിക്കേഷനിലൂടെയോ നമ്മുടെ ഇന്റ്ര്‍നെറ്റിന്റെ ഡൗണ്‍ ലോഡ് സ്പീഡും അപ് ലോഡ് സ്പീഡും നമുക്ക് തന്നെ ചെക്ക് ചെയ്യാം.നമ്മുടെ വീട്ടിലെ ക്യാമറയിലൂടെയുള്ള ദൃശ്യങ്ങള്‍ നമ്മള്‍ മൊബൈലിലൂടെ കാണുംബോള്‍ ആ ദൃശ്യങ്ങള്‍ സെര്‍വര്‍ വഴി മൊബൈലിലേക്ക് എത്തിക്കാന്‍ അപ് ലോഡ് സ്പീഡ് ആണു കൂടുതല്‍ വേണ്ടത്.

വളരെ വളരെ പ്രധാനപ്പെട്ട ഒരു കാര്യം ഇതിനിടയില്‍ പറയാനുള്ളത് ഇന്റര്‍നെറ്റ് അധിഷ്തിതമായ ഒരു സി സി ടി വി സിസ്റ്റം വീട്ടില്‍ വയ്ക്കുംബോള്‍ അതിന്റെ യൂസര്‍ നെയിമും പാസ്സ് വേഡും ടെക്നീഷ്യന്‍ ഫിറ്റ് ചെയ്യുംബോള്‍ തന്നെ ചോദിച്ച് വാങ്ങുകയും ആ പാസ്സ് വേഡ് എങ്ങിനെ മാറ്റാമെന്നു മനസ്സിക്കിയ ശേഷം ഉടനെ തന്നെ സുരക്ഷിതമായ ഒരു ടൈറ്റ് പാസ്സ് വേഡിട്ട് അത് സുരക്ഷിതമാക്കണമെന്നതുമാണു.കൂടാതെ അതിനായി അക്കൗണ്ട് ക്രിയേറ്റ് ചെയ്യുംബോള്‍ നല്‍കുന്ന ഈമെയില്‍ നിങ്ങളുടേത് തന്നെ ആണു എന്നും ഉറപ്പ് വരുത്തുക.ഭാവിയില്‍ നമ്മുടെ വീട്ടിലെ ക്യാമറകളിലൂടെയുള്ള ദൃശ്യങ്ങള്‍ മറ്റുള്ളവരിലേക്ക് ഷെയര്‍ ചെയ്യപ്പെടാതിരിക്കാന്‍ അവ നിര്‍ബന്ധമായും ചെയ്തിരിക്കണം.അറിയപ്പെടുന്ന ബ്രാന്റുകളുടെ കാമറകള്‍ മാത്രം ഫിറ്റ് ചെയ്യുന്നത് നമ്മുടെ ഡാറ്റ മറ്റുള്ളവരിലേക്ക് ഷെയര്‍ ചെയ്യപ്പെടില്ല അല്ലെങ്കില്‍ ഹാക്കര്‍മാര്‍ ആക്രമിക്കില്ല എന്നതിനു ഒരു പരിധിവരെ സഹായകരമാകും.